നടൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബ്രദർസ് ഡേയ്. ചിത്രം വലിയ രീതിയിൽ തന്നെ പ്രേക്ഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. പൃഥ്വിരാജ് ആയിരുന്നു ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്. എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ പൃഥ്വിരാജ് ചിത്രത്തിൽ അഭിനയിക്കാൻ വന്നപ്പോൾ ഉണ്ടായ സംഭവങ്ങൾ തുറന്നു പറയുകയാണ് ഷാജോൺ.
അഭിമുഖത്തിൽ അവതാരിക ചോദിച്ച ചോദ്യം ഇങ്ങനെ ആയിരുന്നു, പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷാജോൺ അഭിനയിച്ചിരുന്നു, അത് പോലെ ഷാജോൺ സംവിധാനം ചെയ്ത ചിത്രത്തിലും പൃഥ്വിരാജ് അഭിനയിച്ചിരുന്നു. ഷാജോൺ ചേട്ടന്റെ ചിത്രത്തിൽ അഭിനയിച്ച് കൊണ്ടിരുന്ന സമയത്ത് പൃഥ്വിരാജ് അഭിപ്രായങ്ങൾ എന്തെങ്കിലും പറഞ്ഞോ എന്നുമാണ്.
ഇതിനു ഷാജോണിന്റെ മറുപടി ഇങ്ങനെ ആയിരുന്നു, ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിൽ പൃഥ്വിരാജിനെ ആണ് അഭിനയിപ്പിക്കാൻ വിളിക്കുന്നത് എന്ന് അറിഞ്ഞപ്പോൾ തന്നെ പലരും എന്നോട് പല തരത്തിലുള്ള ഉപദേശങ്ങളും തന്നിരുന്നു. സിനിമ എടുക്കുമ്പോൾ പുള്ളി പല അഭിപ്രായങ്ങളും പറയും, അതിൽ ഒന്നും അനുസരിക്കരുത്. ഏതെങ്കിലും ഒന്ന് അനുസരിച്ചാൽ പുള്ളി കയറി അങ്ങ് നിരങ്ങും.
പിന്നെ പുള്ളി ആയിരിക്കും എന്റെ സിനിമ മുഴുവൻ സംവിധാനം ചെയ്യാൻ പോകുന്നത് എന്നൊക്കെ. ഇതൊക്കെ കേട്ടപ്പോൾ ഞാനും ചിന്തിച്ചു, ശരിയായിരിക്കുമോ? അങ്ങനെ ഒക്കെ ഉണ്ടാകുമോ എന്നൊക്കെ. എന്നാൽ അതിനു ശേഷമാണു ഞാൻ ലുസിഫെറിൽ അഭിനയിക്കാൻ പോകുന്നത്. അപ്പോൾ പുള്ളി ലാലേട്ടനോട് പോലും ഓരോന്ന് പറഞ്ഞു തിരുത്തുന്നതും ഒക്കെ ഞാൻ ശ്രദ്ധിച്ചിരുന്നു.
പുള്ളിയുടെ രീതികളും കാര്യങ്ങളും ഒക്കെ കണ്ടപ്പോഴേ ഞാൻ മനസ്സിൽ തീരുമാനിച്ചിരുന്നു എന്റെ പടത്തിൽ പുള്ളി അഭിപ്രായം പറഞ്ഞാൽ ഞാൻ അത് അനുസരിക്കുമെന്നു. എന്നാൽ അഭിനയിക്കാൻ എത്തിയപ്പോൾ പൃഥ്വി ഒരു കാര്യത്തിലും ഇടപെട്ടില്ല. ഞാൻ പറയുന്നത് അത് പോലെ ചെയ്തു തന്നുകൊണ്ടിരുന്നു. എഡിറ്റ് കാണാൻ പോലും ഞാൻ നിര്ബന്ധിക്കുമ്പോഴാണ് വന്നിരുന്നത് എന്നുമാണ് ഷാജോൺ പറഞ്ഞ മറുപടി.